ഗള്‍ഫ് കേന്ദ്രീകരിച്ച് സഭയ്ക്ക് രണ്ട് പുതിയ കോണ്‍ഗ്രിഗേഷനുകള്‍കൂടി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് ഗള്‍ഫ് കേന്ദ്രീകരിച്ച് രണ്ട് പുതിയ കോണ്‍ഗ്രിഗേഷനുകള്‍കൂടി നിലവില്‍ വന്നു. മാര്‍ച്ച് 24ന് അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ യാക്കോബ് മാര്‍ ഏലിയാസ് തിരുമേനിയാണ് പുതിയ കോണ്‍ഗ്രിഗേഷനുകള്‍ പ്രഖ്യാപിച്ചത്. അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിനു കീഴില്‍ മുസ്സഫ വ്യവസായ നഗരം കേന്ദ്രീകരിച്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനും അബുദാബിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ ബെഥാസായിദ്, റുവൈസ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനുമാണ് നിലവില്‍ വന്നത്. ഇടവക വികാരി ഫാ.എം.സി.മത്തായി, സഹവികാരി ഫാ.ഷാജന്‍ വറുഗീസ്, ട്രസ്റ്റി സ്റ്റീഫന്‍ മല്ലേല്‍, സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ജോ.സെക്രട്ടറി ജയിംസണ്‍ പാപ്പച്ചന്‍ എന്നിവരുള്‍പ്പടെ വലിയൊരു വിശ്വാസസമൂഹം പുതിയ കോണ്‍ഗ്രിഗേഷനുകളുടെ പ്രഖ്യാപനത്തെ കരഘോഷത്തോടെ സ്വീകരിച്ചു. കോണ്‍ഗ്രിഗേഷനുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഡ്‌ഹോക്ക് കമ്മറ്റിയേയും ഇടവക പൊതുയോഗം തെരഞ്ഞെടുത്തിട്ടുണ്ട്.