ദുഃഖവെള്ളി മനുഷ്യകുലത്തിന്റെ ഉയിർപ്പു ഞായർ

സ്വർണ്ണത്തേക്കാള് തിളക്കമുള്ള ദിവസമാണ് ദുഃഖവെള്ളി. കുഞ്ഞാടിന്റെ രക്തത്തില് കുതിര്ന്ന് ഭൂമി അതിന്റെ ആദിനൈര്മല്യത്തിലേക്ക് മടങ്ങുന്നു. ആദത്തിൽ വന്നുപോയ അനുസരണക്കേടിന്റെ പിഴകള് കാൽവറി കുരിശിലെ സമ്പൂര്ണ്ണ സമര്പ്പണത്തില് പരിഹരിക്കപ്പെടുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗമാണ് ഇവിടെ കാണുന്നത്. തന്റെ മരണത്തിലൂടെ പുത്രനാം ദൈവം മാനവരാശിക്ക് നല്കിയ പുതുജീവിതത്തിന്റെ ഓര്മ്മയാചരണമാണ് ഈ ദിവസം. ഇംഗ്ലീഷില് ഈ ദിനം “ഗുഡ് ഫ്രൈഡേ” (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില് ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശു മരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില് നിന്ന് രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ട് തന്നെ ക്രിസ്തീയ ജീവിതത്തില് ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖവെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്ത്ഥനയിലൂടെയും വിശുദ്ധ വേദപുസ്തക പാരായണത്തിലൂടെയും ഈ ദിവസം നാം പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കണം.
ഈ ദുഃഖവെള്ളി തന്നെയാണ് മനുഷ്യകുലത്തിന്റെ ഉയിര്പ്പു ഞായര്. പാപത്തില് മരിച്ചു കിടന്ന മാനവരാശിക്ക് ഉയിർപ്പു നൽകി. ദുഃഖവെള്ളിക്കു ശേഷം ഒരു ഉയിര്പ്പു ഞായര് ഉണ്ട് എന്ന സന്ദേശമല്ല, ദുഃഖവെള്ളിയില് തന്നെയാണ് ഉയിര്പ്പു ഞായര് എന്നാണ് ക്രിസ്തുവിന്റെ കുരിശുമരണം നമ്മോടു പറയുന്നത്. പരാജയങ്ങള് വിജയത്തിന്റെ മുന്നോടിയാണെന്നല്ല, പരാജയങ്ങള് തന്നെ വിജയമാകുന്നതിന്റെ രഹസ്യമാണ്
കുരിശ്.
നസ്രായക്കാരന് തച്ചന്റെ മകനെ ആള്ക്കൂട്ടം ദൈവപുത്രന് എന്ന് വിളിക്കുന്നു. അത്ഭുതങ്ങള് കാണിച്ച് അവന് പലരെയും വിസ്മയിപ്പിക്കുന്നു. അതിനാണ് അവര് അവനെ കുരിശില് തറച്ചു കൊന്നത്. അവന് മിഴിയടച്ചു തലചായ്ച്ചു കിടക്കുന്നു. ഒരു അത്ഭുതവും ഇനി അവന് പ്രവര്ത്തിക്കില്ല, ഇനി ആരും പറയില്ല അവന് ദൈവപുത്രനാണെന്ന്. പക്ഷെ അപ്പോള് കുരിശിന് ചുവട്ടില് നിന്നൊരാള് വിളിച്ചു പറഞ്ഞു “സത്യമായും ഇവന് ദൈവപുത്രനാണ്”. അങ്ങനെ ആരും പറയാതിരിക്കാനല്ലേ ഇവനെ ക്രൂശില് അയച്ചത്. എന്നിട്ടും എന്തേ ആള്ക്കൂട്ടം വിളിച്ചു പറയുന്നത്. ആ കുരിശില് അവന് ദൈവപുത്രന് തന്നെ.
അവന് യഹൂദന്മാരുടെ രാജാവ്‌ ആണെന്ന് അവകാശപ്പെടുന്നു. ഇനി ഒരിക്കലും അതുണ്ടാകരുത്. അതിനാണ് അവര് അവനെ കുരിശില് തറച്ചത്. നോക്കുക, അവന് അധരമടച്ച് മിഴിപൂട്ടി കിടക്കുന്നു. ഇനി അവന് ഒന്നും മിണ്ടില്ല. അപ്പോള് അതാ ഒരു പടയാളി കുരിശിനു മീതെ ഏണി ചാരി വച്ച് മുകളിലേക്ക് കയറി. ക്രിസ്തുവിന്റെ ശിരസിനു മീതെ ഒരു ലിഖിതം സ്ഥാപിച്ചു. “നസ്രായനായ യേശു യഹൂദൻമാരുടെ രാജാവ്‌”. ചിലര് പിറുപിറുത്തു. ഇങ്ങനെ എഴുതാനല്ല, മറിച്ച് യഹൂദന്മാരുടെ രാജാവാണെന്ന് ഇവന് പറഞ്ഞു എന്നാണ് എഴുതേണ്ടത്. പക്ഷെ ഇതുവരെയും ചഞ്ചലപ്പെട്ടിരുന്ന പീലാത്തോസിന്റെ മനസ് ദൈവ നിയോഗത്താലെന്നപോലെ കഠിനമായി. അയാള് പറഞ്ഞു, ഞാന് എഴുതിയത് എഴുതിയതുതന്നെ. ഇനി ആരും രാജാവെന്നു വിളിക്കാതിരിക്കാനാണ് അവനെ കുരിശില് തറച്ചത്. പക്ഷെ ചരിത്രമുള്ളടത്തോളം കുരിശുകള് വിളിച്ചു പറയുന്നു, അവന് തന്നെ രാജാവ്‌. അവന്റെ മുഖത്തേക്ക് നോക്കുക, സത്യമായും അവന് ഒന്നും മിണ്ടുന്നില്ല. എങ്കിലവന്റെ ശിരസിനു മീതെ നോക്കുക. നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്‌.
മരിച്ചുകഴിഞ്ഞിരുന്നിട്ടും കുന്തം കൊണ്ട് കുത്തിയപ്പോള് അവന്റെ മാറില് നിന്ന് ജീവന്റെ ചുടുരക്തം പ്രവഹിച്ചു. അവന്റെ മുഖത്തേക്ക് നോക്കുക, സത്യമായും അവന് മരിച്ചുകഴിഞ്ഞു. എങ്കിലവന്റെ നെഞ്ചിലേക്ക് നോക്കുക, അവന് മരിച്ചിട്ടില്ല. ഈ കുരിശില് ആരാണ് മരിച്ചത്? അവന് ഇപ്പോഴും ജീവിക്കുന്നു, യഹൂദന്മാരുടെ രാജാവായി… ദൈവപുത്രനായി. അവന് മിഴിയടച്ചപ്പോള് പ്രപഞ്ചം ഇരുണ്ടു. ദൈവത്തെ
പിതാവേ എന്ന് വിളിക്കാന് പഠിപ്പിച്ചതിന് അവര് അവനെ കുരിശില് തറച്ചു.
കുരിശില് മരിച്ചപ്പോള് ദേവാലയത്തിന്റെ തിരശീല രണ്ടായി കീറി. ദൈവവും മനുഷ്യനും മുഖത്തോടു മുഖം നോക്കി പാപത്തിന്റെയും ശിക്ഷയുടെയും കുരിശ് രക്ഷയുടെയും വിശുദ്ധിയുടെയും കുരിശായി മാറി .കുരിശില് മരിച്ചുകിടന്ന ക്രിസ്തുവിന്റെ മുന്നില് മുട്ടുകുത്തി അവന് പരാജയം സമ്മതിച്ചു.
നമ്മുടെ ദുഃഖവെള്ളികളിലും ഉയിര്പ്പ് കണ്ടെത്തുവാനുള്ള കൃപയാണ് നമുക്ക് ആവശ്യം. ആത്മാവ് നമ്മെ സ്പര്ശിക്കട്ടെ. ഉയിർപ്പിന്റെ സ്പന്ദനങ്ങള് ദുഃഖവെള്ളിയില് തന്നെ നാം ഏറ്റുവാങ്ങാന് ഇടയാകട്ടെ.

സുനിൽ കെ.ബേബി മാത്തൂർ