സത്യവിരുദ്ധമായ നിലപാട് ആരെടുത്താലും എതിര്‍ക്കും: മാത്യൂസ് മാര്‍ സേവേറിയോസ്

മട്ടാഞ്ചേരി : ക്രൈസ്തവമല്ലാത്തതും സത്യവിരുദ്ധവുമായ നിലപാട് ആരെടുത്താലും അതു തെറ്റാണെന്നു പറയാനുള്ള ധൈര്യം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ടെന്നു മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.കൂനന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രം ദേവാലയ കൂദാശയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാനപരമായ തെറ്റു ചൂണ്ടിക്കാണിക്കുക എന്നതാണു മലങ്കര മക്കള്‍ ചെയ്യുന്നത്. നല്ല കാര്യങ്ങള്‍ ആരു പറഞ്ഞാലും അത് സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും മലങ്കര സഭ എന്നും തയ്യാറാണ്. മലങ്കര സഭയ്ക്ക് അതിന്‍റെ വീക്ഷണത്തിന്‍ ധൈര്യസമേതം തല ഉയര്‍ത്തി നിന്ന ചരിത്രമാണുള്ളത്. വൈദേശിക മേധാവിത്വത്തിനെതിരെ മലങ്കര സഭ പ്രതികരിച്ചതു കസേരയ്ക്കു വേണ്ടിയുള്ള വടംവലിയല്ല. മലങ്കര സഭാ വിശ്വാസികളെ അധിനി വേശ ദൈവശാത്രം യേശുക്രിസ്തു പഠിപ്പിച്ചിട്ടില്ല. അടിസ്ഥാനപരമായ വിശ്വാസ വിപരീതത്തിന് എതിരെ എന്നും പോരാടും.അതിന്‍റെ വലിയ പ്രഖാപനമാണ് 1653ല്‍ നടന്നത്. മലങ്കര സഭയുടെ ചരിത്രത്തില്‍ ഈ ദേവാലയത്തിന് അഭിമാനകരമായ സ്ഥാനമാണുള്ളതെന്ന് മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. കൂനന്‍കുരിശു കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ.യാക്കോബ് മാര്‍ ഐറോനിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഡോ. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, കെ.എല്‍. മോഹനവര്‍മ്മ, ജിജി തോംസണ്‍, രാമവര്‍മ്മ കുട്ടപ്പന്‍ തമ്പുരാന്‍, ശിവന്‍ മഠത്തില്‍, കൂനന്‍കരിശ് തീര്‍ത്ഥാടന കേന്ദ്രം വികാരി ഫാ. ബെഞ്ചമിന്‍ തോമസ്, മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയോഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, കൂനന്‍കരിശ് പ്രോജക്റ്റ് കണ്‍വീനര്‍ ജോണ്‍ സാമുവല്‍ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.