ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ഉദ്ഘാടനം

ന്യൂയോര്‍ക്ക്: ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനികളുടെ എക്കാലത്തെയും അഭിമാനസ്തംഭം ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ജൂലൈ 15-ന് ഉദ്ഘാടനം ചെയ്യും. അമേരിക്കയില്‍ 340 ഏക്കറില്‍ പരന്നു കിടക്കുന്ന പ്രകൃതിരമണീയവും ആധുനിക സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ റിട്രീറ്റ് സെന്റര്‍ പെന്‍സില്‍വേനിയ സംസ്ഥാനത്തെ പോക്കണോസ് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌ക്രാന്റണ്‍ റോമന്‍ കത്തോലിക്ക രൂപതയുടെ കീഴിലായിരുന്ന സെന്റ് പയസ് പത്താമന്‍ ഫാത്തിമ റിന്യൂവല്‍ സെന്ററാണ് 2.95 മില്യണ്‍ ഡോളറിന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം വാങ്ങിയത്. ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നിശ്ചയദാര്‍ഢ്യവും ഭദ്രാസന അംഗങ്ങളുടെ പിന്തുണയുമാണ് റിട്രീറ്റ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ റിട്രീറ്റ് സെന്റര്‍ കൂദാശ കര്‍മ്മത്തിന് കാര്‍മികത്വം വഹിക്കും. സഭാ വൈദിക ട്രസ്റ്റിയായ ഫാ. ഡോ. എം. ഒ. ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ ഓപ്പണ്‍ ഹൗസ് ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കൂദാശ നടക്കുക. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്ന കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും 45 മിനിറ്റ് യാത്ര ചെയ്താല്‍ റിട്രീറ്റ് സെന്ററില്‍ എത്തിച്ചേരാന്‍ സാധിക്കും. കോണ്‍ഫറന്‍സ് തീരുന്ന ജൂലൈ 15 ശനിയാഴ്ച തന്നെയാണ് കൂദാശ കര്‍മ്മവും എന്നതു കൊണ്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൂദാശ കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും. സ്‌ക്രാന്റണ്‍ ഡൗണ്‍ടൗണില്‍ നിന്നും മിനിറ്റുകളുടെ സഞ്ചാരദൈര്‍ഘ്യം മാത്രമാണ് ഡാല്‍റ്റണ്‍ ടൗണ്‍ഷിപ്പിലുള്ള ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിലേക്കുള്ളു. തുറസ്സായ അന്തരീക്ഷത്തിലെ ധ്യാനത്തിനു പറ്റിയ സ്ഥലമാണ് ഇവിടുത്തേത്. 340 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേര്‍ന്ന് മരങ്ങളും ചെറിയ ചെടികളുമൊക്കെയായി ആരുടെയും മനസ്സിനെ കുളിര്‍പ്പിക്കുന്ന വിധത്തില്‍ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്. ചാപ്പല്‍, ലൈബ്രറി, കോണ്‍ഫറന്‍സ് മുറികള്‍, ക്ലാസ്മുറികള്‍, ഓഫീസുകള്‍ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോര്‍മെറ്ററികള്‍, ജിംനേഷ്യം, 800 പേര്‍ക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിനു മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു. 2.9 മില്യണ്‍ ഡോളറിനാണ് റിട്രീറ്റ് സെന്റര്‍ സഭ സ്വന്തമാക്കിയത്. ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും രൂപപ്പെടുത്തി കൊണ്ടായിരിക്കും റിട്രീറ്റ് സെന്റര്‍ യുവ തലമുറയുടെ വിശ്വാസതിലകമായി മാറുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
WWW.TRANSFIGURATIONRETREAT.ORG
The Diocesan Chancery – (718) 470 9844
or
The Diocesan Secretary – Fr. Sujit Thomas – (516) 754 0743